അവാര്ഡുകളും നേട്ടങ്ങളും
തുറവൂർ ഗ്രാമപഞ്ചായത്ത്
അവാർഡുകളും നേട്ടങ്ങളും
01. അഭിമാനമായി തുറവൂർ: ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം
മികച്ച ഭരണനിർവഹണത്തിനും ഗുണമേന്മയുള്ള ജനസേവനത്തിനുമുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ (ISO) സർട്ടിഫിക്കേഷൻ തുറവൂർ ഗ്രാമപഞ്ചായത്തിന് സ്വന്തമായി. പൊതുജനങ്ങൾക്കുള്ള വിവിധ സേവനങ്ങൾ സമയബന്ധിതവും സുതാര്യവുമായി നൽകുന്നതിലും, ഓഫീസ് പ്രവർത്തനങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി ചിട്ടപ്പെടുത്തുന്നതിലും, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി കാര്യക്ഷമമായ സേവനം ഉറപ്പാക്കുന്നതിലും കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ വലിയ നേട്ടത്തിന് പഞ്ചായത്തിനെ അർഹമാക്കിയത്.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും, ജീവനക്കാരുടെ ആത്മാർത്ഥമായ സേവനവും, ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പൂർണ്ണ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്. ഈ ചരിത്രനേട്ടം തുറവൂരിന്റെ സമഗ്ര വികസനത്തിലേക്കുള്ള കുതിപ്പിലെ വലിയൊരു നാഴികക്കല്ലാണ്.
02. തുറവൂർ ഗ്രാമപഞ്ചായത്ത് National Quality Assurance Standards (NQAS)
എറണാകുളം ജില്ലയിലെ പൊതുജനാരോഗ്യ മേഖലയ്ക്ക് വീണ്ടുമൊരു അഭിമാന നേട്ടം. അങ്കമാലി തുറവൂർ കുടുംബാരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാര അംഗീകാരമായ National Quality Assurance Standards (NQAS) സ്വന്തമാക്കിയിരിക്കുന്നു. ദേശീയതലത്തിൽ നടന്ന കർശനമായ മൂല്യനിർണ്ണയ പരിശോധനയിൽ 93.67% പോയിന്റുകൾ കരസ്ഥമാക്കിയാണ് ആശുപത്രി ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇതോടെ ജില്ലയിൽ NQAS അംഗീകാരം നേടുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 25 ആയി ഉയർന്നു.
രോഗികൾക്കുള്ള വിപുലമായ സേവനങ്ങൾ, മരുന്നുകളുടെ സുഗമമായ ലഭ്യതയും വിതരണവും, മികച്ച ക്ലിനിക്കൽ സേവനങ്ങൾ, പകര്ച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് കേന്ദ്ര സംഘം ഈ അംഗീകാരം നൽകിയിട്ടുള്ളത്. മൂന്ന് വർഷ കാലാവധിയുള്ള ഈ അംഗീകാരത്തിന്റെ ഭാഗമായി വാർഷിക സംസ്ഥാനതല പരിശോധനകളും മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയും ഉണ്ടാകും. ജില്ലയിലെ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളെ ഇത്തരം ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി മികച്ച പശ്ചാത്തല സൗകര്യങ്ങളും നൂതന ചികിത്സാ സംവിധാനങ്ങളും ഒരുക്കുന്ന വിപുലമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഈ നേട്ടത്തിനായി പ്രയത്നിച്ച തുറവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ, മറ്റു ജീവനക്കാർ, ജനപ്രതിനിധികൾ, എൻ.എച്ച്.എം ടീം എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
03. തുറവൂർ ഗ്രാമപഞ്ചായത്തിന് ടി.ബി. മുക്ത പദ്ധതിയിൽ പുരസ്കാരം
ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ടി.ബി. മുക്ത പഞ്ചായത്ത്' പദ്ധതിയിൽ തുറവൂർ ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം. 2025-ലെ മികച്ച പ്രതിരോധ-ബോധവൽക്കരണ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച പുരസ്കാരം ഗ്രാമപഞ്ചായത്ത് ഭാരവാഹികളും ആരോഗ്യപ്രവർത്തകരും ഏറ്റുവാങ്ങി.
2026 ഓഗസ്റ്റ് 01-ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പുരസ്കാരം സമ്മാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം.പി.മാര്ട്ടിന്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനിത ആര് കൃഷ്ണ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജോസി ജേക്കബ്ബ്, ഹെൽത്ത് ഇൻസ്പെക്ടർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവർ ചേർന്ന് മന്ത്രിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.
രോഗനിർണ്ണയം നടത്തുന്നതിലും രോഗികൾക്ക് കൃത്യമായ പരിചരണവും നിരീക്ഷണവും ഉറപ്പാക്കുന്നതിലും പഞ്ചായത്ത് നടത്തിയ ഏകോപിത പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്. ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, മറ്റ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം.
കൂട്ടായ്മയിലൂടെ വികസന നേട്ടങ്ങളിലേക്ക്
തുറവൂർ ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പദ്ധതികളിലും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ഏറെ പ്രധാനപ്പെട്ടതാണ്. ജനസൗഹൃദ ഭരണവും സുതാര്യമായ പ്രവർത്തനങ്ങളും ഉറപ്പാക്കിക്കൊണ്ട് നാടിന്റെ സമഗ്ര പുരോഗതിക്കായി പഞ്ചായത്ത് മുന്നേറുന്നു.
തുറവൂർ ഗ്രാമപഞ്ചായത്ത്
എറണാകുളം ജില്ല, കേരളം
ജനപങ്കാളിത്തത്തിലൂടെ സമഗ്ര വികസനത്തിലേക്ക്