ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തുറകളുടെ ഊര്” എന്നര്‍ഥത്തിലാണ് ഈ ഗ്രാമത്തിന് തുറവൂര്‍ എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു. “ഊര്” എന്ന തമിഴുപദത്തില്‍ അവസാനിക്കുന്ന സ്ഥലനാമങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. വളരെ പുരാതന കാലം മുതല്‍ തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നെന്നും പിന്നീടുണ്ടായ യുദ്ധമോ പകര്‍ച്ചവ്യാധികളോ പ്രകൃതിക്ഷോഭമോ മൂലം ജനങ്ങള്‍ ഒഴിഞ്ഞുപോയതാണെന്നും, അതിനെതുടര്‍ന്ന് ഏറെക്കാലം ഇവിടം വനപ്രദേശമായി കിടന്നുവെന്നും പിന്നീടെന്നോ വീണ്ടും ജനവാസം ആരംഭിക്കുകയാണുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. 1930-ല്‍ ചീനംചിറയില്‍ കണ്ടെത്തിയ പുരാതന കല്‍പടവുകളും കല്‍ക്കെട്ടുകളും, നാടിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ട മുനിയറകളും വലിയ മണ്‍ഭരണികളും, ഇതിനെല്ലാമുപരി നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂട്ടാല ദേവീക്ഷേത്രവും അതിന് മുന്നിലുള്ള ആലും, തേവര്‍ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട ആറാട്ടുപുഴയും പ്രസ്തുത നിഗമനങ്ങള്‍ക്ക് ചരിത്രപരമായ പിന്‍ബലമേകുന്നു. ഇന്ന് മൂക്കന്നൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട വടക്കുഭാഗത്തെ ഒലിവേലി ചിറക്കു ചുറ്റും പണ്ടുകാലത്ത് മൈതാനങ്ങളായിരുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ മൈതാനങ്ങളില്‍ ആദിവാസികള്‍ ഒത്തുകൂടുകയും ആഴ്ചകളോളം അവരുടെ ആയോധനമുറകളും കലാപരിപാടികളും ഇവിടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നമ്പൂതിരി ഇല്ലങ്ങളും ക്ഷേത്രദേവസ്വങ്ങളും ഏതാനും വന്‍കിട ഭൂവുടമകളും കൈയ്യടക്കിവച്ചിരുന്ന കൃഷിയിടങ്ങള്‍ ഭൂപരിഷ്കരണനിയമം വന്നതോടെയാണ് പാട്ടക്കാരുടെയും കുടികിടപ്പുകാരുടെയും സ്വന്തമായി തീര്‍ന്നത്. ഇവിടെയുണ്ടായിരുന്ന ബഹുഭൂരിപക്ഷം ഗ്രാമീണരും ഇടത്തരം കര്‍ഷകരായിരുന്നു. നെല്‍കൃഷിക്കു പുറമേ ഇഞ്ചിപ്പുല്ല് (പുല്‍തൈലം), മരച്ചീനി, റബ്ബര്‍, കുരുമുളക്, അടയ്ക്ക എന്നിവയായിരുന്നു ആദ്യകാലവിളകള്‍. ചാലക്കുടി ഇടതുകരകനാല്‍ നാടിന്റെ കാര്‍ഷിക മേഖലയുടെ പുരോഗതിയെ കാര്യമായി സ്വാധീനിച്ചു. ആയിരം കൊല്ലത്തെ പഴക്കമുള്ള കോമരകുളം സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കുളപ്പുരക്കാവ് ഭഗവതീ ക്ഷേത്രം, പുരാതനമായ സെന്റ് അഗസ്റ്റിന്‍സ് പള്ളി, സെന്റ് സെബാസ്റ്റ്യന്‍ പള്ളി തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. ചക്കോത്ത് കുരിയ ദേവസി, എം.കെ.ഇട്ടീരമംഗലത്ത് രാമന്‍ എന്നിവര്‍ പഞ്ചായത്തിലെ പ്രധാന സ്വാതന്ത്ര്യസമരസേനാനികളായിരുന്നു. വിദ്യാഭ്യാസരംഗത്ത് ഈ പഞ്ചായത്തിന്റെ ചരിത്രപശ്ചാത്തലം വളരെ പഴക്കമുള്ളതാണ്. കുടിപ്പള്ളിക്കൂടങ്ങളാണ് വിദ്യാഭ്യാസരംഗത്തെ ആദ്യസംരംഭങ്ങള്‍. പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ യു.പി.സ്കൂള്‍ 1921-ലാണ് സ്ഥാപിക്കപ്പെട്ടത്. അങ്കമാലി-തുറവൂര്‍-മഞ്ഞപ്ര റോഡാണ് പഞ്ചായത്തിലെ ആദ്യത്തെ റോഡ്. 1953-ലാണ് പഞ്ചായത്തുപ്രദേശത്ത് ആദ്യമായി ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തില്‍ ആരംഭിച്ച കാലഘട്ടത്തില്‍ തന്നെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം വായനശാലകളുയര്‍ന്നുവന്നു. കാര്‍ഷിക പ്രാധാനമായ ഗ്രാമം എന്ന നിലയില്‍ മിക്കവാറും എല്ലാ കാര്‍ഷിക ഉല്പന്നങ്ങളും ഇവിടെ തന്നെ ഉല്‍പാദിപ്പിച്ചിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുമുന്‍പു തന്നെ തിരുവിതാംകൂറിലെ അക്കാലത്തെ പ്രധാന റോഡായ എം.സി.റോഡില്‍ നിന്നു ഈ ഗ്രാമത്തിലേക്ക് ഭരണിപറമ്പ് പാലവും റോഡും ഉണ്ടായിരുന്നു. പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ് ശ്രീശങ്കരാചാര്യരുടെ ജന്‍മംകൊണ്ട് പവിത്രമായ കാലടിയും, സെന്റ് തോമസിന്റെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹീതമായ മലയാറ്റൂരും. ചെറുകിട ഇടത്തരം വ്യവസായങ്ങളാണ് പഞ്ചായത്തില്‍ ഇന്ന് പ്രധാനമായുമുള്ളത്. പരമ്പരാഗത രംഗത്ത് പനമ്പ് ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട വ്യവസായം നിലവിലുണ്ട്. പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രം തുറവൂര്‍ ജംഗ്ഷനാണ്. പഞ്ചായത്തുവക ഷോപ്പിംഗ് കോംപ്ളക്സും മാര്‍ക്കറ്റും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. വിവിധ മതവിഭാഗങ്ങളുടെ നിരവധി ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. കിടങ്ങൂര്‍ മഹാവിഷ്ണുക്ഷേത്രം, കിടങ്ങൂര്‍ സുബ്രഹ്മണ്യക്ഷേത്രം, കുമരക്കുളം സുബ്രഹ്മണ്യക്ഷേത്രം, ഇന്‍ഫന്റ് ജീസസ് ചര്‍ച്ച്, സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച്, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് എന്നിവയാണ് പ്രധാന ദേവാലയങ്ങള്‍. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കാറുള്ള ഉത്സവപരിപാടികളില്‍ നാനാജാതിമതസ്ഥര്‍ പരസ്പരം സഹകരിക്കുന്നു. കുംഭ ഭരണി മഹോത്സവം, സെന്റ് അഗസ്റ്റിന്‍സ് പള്ളി തിരുനാള്‍ തുടങ്ങിയ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ദൂരദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്തുന്നു. വിദ്യാഭ്യാസ രംഗത്ത്, സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് സ്കൂളുകളാണ് നിലവിലുള്ളത്. സെന്റ് അഗസ്റ്റിന്‍സ് യു.പി.സ്കൂള്‍, സെന്റ് മേരീസ് എല്‍.പി.എസ് തുറവൂര്‍, ഫാത്തിമമാത എല്‍.പി.എസ്. ആനപ്പാറ, ശ്രീ ഭദ്ര എല്‍.പി.എസ് കിടങ്ങൂര്‍ തുടങ്ങിയവയാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്കൂളുകള്‍. കേന്ദ്ര സര്‍ക്കാര്‍ ഈ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിക്കുകയും നിര്‍മ്മല്‍ പുരസ്കാരം നല്‍കുകയും ചെയ്തിട്ടുണ്ട്.